ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നുമണിക്ക് സ്നേഹാദരവുമായി ജന്മനാട്. മിന്നുവിനോടുള്ള ആദരസൂചകമായി വയനാട് മാനന്തവാടി – മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷൻ എന്ന് പേര് മാറ്റിയിരിക്കുകയാണ് മാനന്തവാടി നഗരസഭ.
ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയാണ് ഓൾ റൗണ്ടർ താരമായ മിന്നുമണി ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച മിന്നു ചരിത്രത്തിലിടം നേടുകയായിരുന്നു. ഒരു ഗ്രാമപ്രദേശത്ത് നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിലെത്തിയ മിന്നുവിനോടുള്ള ആദരസൂചകമായി മൈസൂരു റോഡ് കവലയ്ക്ക് മിന്നുമണിയുടെ പേരിടാൻ ദിവസങ്ങൾക്കുമുമ്പ് ചേർന്ന മാനന്തവാടി നഗരസഭായോഗം തീരുമാനിക്കുകയായിരുന്നു.
മിന്നുമണി, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ചേർന്നാണ് പേര് അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയും പൗരാവലിയും ചേർന്ന് താരത്തിന് ജന്മനാട്ടിൽ സ്വീകരണവും നൽകി.