റോബിൻ ബസ് ഉടമ ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. രണ്ട് എംവിഐമാരാണ് ഇത് സംബന്ധിച്ച് പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത്. ഇതിനെത്തുടർന്ന് ഗിരീഷിനെ എസ്‌പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു.
ബസ് പരിശോധിക്കുന്നതിനിടയിൽ ഗിരീഷ് ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് വ്യാജ ആരോപണമാണെന്നും കോടതിയിൽ നടക്കുന്ന കേസുകൾക്കുള്ള പ്രതികാര നടപടിയാണിതെന്നും കോടതി വിധി എതിരായതിനാൽ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോൾ ഈ വധഭീഷണി ആരോപണം ഉയർത്തിയിരിക്കുന്നതെന്നുമാണ് ഗിരീഷ് പറയുന്നത്.
മോട്ടോർ വാഹന വകുപ്പിൻ്റെ തുടർച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സർവീസ് നടത്താനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. സർവീസ് നടത്താൻ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.