സലാല യാത്രക്കാർക്ക് സൗജന്യ ബസ് ടിക്കറ്റ് വാഗ്ദാനം ചെയ്ത് മുവാസലാത്ത്. മസ്കറ്റ് – സലാല റൂട്ടിൽ പത്ത് ടിക്കറ്റെടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകുമെന്നാണ് ദേശീയ ഗതാഗത കമ്പനി അറിയിച്ചത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
സലാല – മസ്കറ്റ് റൂട്ടിൽ ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് ടിക്കറ്റിന് എട്ട് റിയാലും ഇരുവശങ്ങളിലേക്കും 13 റിയാലുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. എന്നാൽ ഹിജ്റ പുതുവർഷം പ്രമാണിച്ചുള്ള പൊതുഅവധി ദിനത്തിൽ മുവാസലാത്ത് ബസ്, ഫെറി സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. ടിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1551 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.