മുൻ രാഷ്ട്രപതിയും ഐ എസ് ആർ ഒ ശാസ്ത്രജ്ഞനുമായിരുന്ന ഡോ . എപിജെ അബ്ദുൽകലാമിന്റെ പേരിൽ മ്യൂസിയം സ്ഥാപിച്ച് തിരുവനന്തപുരത്തെ പുനലാൽ ഗ്രാമത്തിലെ ഡയിൽ വ്യൂ ഫൌണ്ടേഷൻ. 2015 ൽ ഡോ.കലാം മരണപ്പെട്ടതിന് ശേഷം 2016 ൽ ആണ് അദ്ദേഹത്തിന്റെ പേരിലുള്ള ഈ മ്യൂസിയം ആരംഭിച്ചത്.
കലാം സ്‌മൃതി ഫൌണ്ടേഷൻ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയത്തിൽ കാഴ്ചക്കാരെ വരവേൽക്കുന്നത് രാമേശ്വരത്ത് പത്രം വിറ്റ് നടന്നിരുന്ന ഡോ. കലാമിന്റെ ചിത്രമാണ്. പിന്നീടങ്ങോട്ട് 22 വർഷം അദ്ദേഹം ഭക്ഷണം കഴിക്കാനായി ഉപയോഗിച്ചിരുന്ന പത്രവും സ്പൂണും, സ്ഥിരമായി ഉപയോഗിച്ചിരുന്ന പേനകളും ചെയറും മരണ സമയത്ത് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രവും അപൂർവ്വം ചില ചിത്രങ്ങളും കാണാൻ സാധിക്കും.
ഡോ. എ പി ജെ അബ്ദുൽകലാമിന്റെ ജീവിതം തുടങ്ങുന്നതു മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള കാര്യങ്ങൾ സംബന്ധിച്ച എല്ലാ ഓർമ്മകളും ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും രാഷ്ട്രപതി ഭവന്റെയും സഹായത്തോടെയാണ് ഇത്തരമൊരു മ്യൂസിയം സജ്ജീകരിക്കാൻ സാധിച്ചതെന്ന് ഡയിൽ വ്യൂ ഫൌണ്ടേഷൻ ഉടമ ക്രിസ്തു രാജ് പറയുന്നു.
രാമേശ്വരത്തെ മുക്കുവ ഗ്രാമത്തിൽ നിന്നും രാഷ്ട്രപതി ഭവൻ വരെയെത്തിയ ഡോ. എ പി ജെ അബ്ദുൽകലാമിന്റെ ജീവിതത്തിലേക്ക് ഒരു യാത്രയാണ് ഈ മ്യൂസിയും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ മുൻകൂർ അനുമതിയോടുകൂടിയുള്ള സൗജന്യ സന്ദർശനം അനുവദിക്കുന്നുണ്ട്.