മസ്കറ്റ് – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച ഉച്ചക്ക് 1.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. 12മണിക്കൂർ വൈകി രാത്രി ഒരു മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ച അറിയിപ്പ്. എന്നാൽ അധികൃതർ വിമാനം വൈകുന്നത് സംബന്ധിച്ച് നേരത്തെ വിവരമൊന്നും നൽകിയില്ലെന്നും വിമാനത്താവളത്തിൽ എത്തിയ ശേഷം കൗണ്ടറിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും യാത്രക്കാർക്ക് പറയുന്നു.
വിമാനത്താവളത്തിലെ സൂചനാ ബോർഡുകളിലോ ഓൺലൈനിൽ ടിക്കറ്റ് സ്റ്റാറ്റസ് നോക്കിയപ്പോഴോ സമയമാറ്റത്തെ കുറിച്ച് സൂചനയില്ലായിരുന്നു. വിമാനം കൃത്യസമയത്ത് പുറപ്പെടുമെന്ന ധാരണയിൽ എയർപോർട്ടിൽ എത്തിയ കുടുംബങ്ങൾ അടക്കമുള്ളവർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.
അതേസമയം സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകുന്നതെന്ന് അധികൃതർ വിശദീകരണം നൽകി. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല്‍ ദുരിതത്തിലാവുകയും ചെയ്തു. എയർ ഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോൺ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാരിൽ ഒരാളായ ജിബിൻ പറഞ്ഞു. ഇതോടെ യാത്രക്കാർ പ്രതിഷേധം അറിയിക്കാൻ തുടങ്ങിയപ്പോഴായിരുന്നു താൽകാലിക താമസ സൗകര്യം ചെയ്തു കൊടുത്തതെന്നും യാത്രക്കാര്‍ അറിയിച്ചു.