പ്രഥമ ബിൽ അറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ് നേടിയ മത്ര സ്ക്വയർ പദ്ധതി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ നടപ്പാക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ‘സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്ക്’ എന്ന തലക്കെട്ടിൽ നടന്ന മസ്കറ്റ് ഡയലോഗ് സെഷനുകളിലാണ് അധികൃതർ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
പദ്ധതിയുടെ വിശദമായ ഭൂപടം പൂർത്തിയായിട്ടുണ്ട്. കൂടാതെ അടുത്ത വർഷം പരിസ്ഥിതി ഏജൻസിയുമായി (ഇ.എ) ഏകോപിപ്പിച്ച് ഖുറം റിസർവിനെ ഖുറം പാർക്കുമായി ലയിപ്പിക്കും. ഇതോടൊപ്പം നടത്തം, ബോട്ട് സവാരി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ക്യാമ്പിങ് പ്രേമികൾക്കായി ഖുറിയാത്തിനെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതിയും പണിപ്പുരയിലാണ്.
അതേസമയം പൊതുവിപണികളും ബീച്ചുകളും വികസിപ്പിക്കുക, സംയോജിത ടൂറിസ്റ്റ് ക്യാമ്പുകൾ സ്ഥാപിക്കുക, സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സൃഷ്ടിക്കുക, മത്സ്യ ഉൽപന്നങ്ങൾക്കായി ഫാക്ടറി രൂപവത്കരിക്കുക എന്നിങ്ങനെ 26 സംരംഭങ്ങളെ കുറിച്ചും അധികൃതർ ചർച്ച ചെയ്തിട്ടുണ്ട്. കൂടാതെ സെഷനുകളിൽ യുവാക്കൾ അവതരിപ്പിക്കുന്ന ആശയങ്ങൾ യഥാർഥ അവസര പദ്ധതികളാക്കി മാറ്റുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ ഹമദ് അൽ ഹുമൈദി പറഞ്ഞു.