പ്രകൃതി സംരക്ഷണത്തിനായി പുതിയ നിർദേശവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നാണ് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ബീച്ച് പാർക്കുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ബീച്ചുകളിൽ നിരവധി പേരാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ ബീച്ച് പാർക്കുകളിൽ വാഹനമോടിക്കുമ്പോൾ പുകയും ശബ്ദവും കാരണം സന്ദർശകർക്ക് അലോസരവും ബുദ്ധിമുട്ടുമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ അന്തരീക്ഷ-ശബ്ദ മലിനീകരണവും അതോടൊപ്പം മറ്റ് മാലിന്യങ്ങളുടെ നിക്ഷേപവും വർധിക്കുന്നതായും വിലയിരുത്തുന്നുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റ് മാലിന്യങ്ങളും കടൽ ജീവികളെ ദോഷകരമായി ബാധിക്കുന്നതായും ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നതുവഴി സന്ദർശകർക്ക് അപകടങ്ങൾ ഉണ്ടാകാനിടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1111 എന്ന നമ്പറിൽ അറിയിക്കണമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.