പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവിറക്കി മസ്‌കത്ത് നഗരസഭ. ഷവർമ്മ മുറിക്കുന്നതിനായി ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് മസ്കത്ത് നഗരസഭ നിർദേശിച്ചത്.
കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ചെറിയ ഇരുമ്പിൻ തരികൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യതയുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് നടപടി.
ഷവർമ വില്ക്കുന്ന റസ്റ്റോറന്റുകളിൽ പൂർണ്ണമായും ഇലക്ട്രിക് കത്തികൾ ഉപയോഗിക്കുന്നതിനായി ഉടമകൾക്ക് മൂന്ന് മാസത്തെ സമയമാണ് നഗരസഭ അനുവദിച്ചിരിക്കുന്നത്. കാലാവധിക്കുള്ളിൽ നടപടിയോട് സഹകരിക്കണമെന്ന് മസ്കത്ത് നഗരസഭ കടയുടമകളോട് ആവശ്യപ്പെട്ടു.