റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന ഇ മെയിൽ സന്ദേശമാണ് ലഭിച്ചത്. ഒക്ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. ‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകണം. ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’ എന്നാണ് സന്ദേശം.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 387, 506 (2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ഇതാദ്യമായല്ല മുകേഷ് അംബാനിക്കുനേരെ വധഭീഷണിയുണ്ടാകുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം നടത്തുമെന്നുമുള്ള തരത്തിൽ ബിഹാറിലെ ദർബംഗ സ്വദേശിയായ രാകേഷ് കുമാർ മിശ്ര എന്നയാൾ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.