സുരക്ഷാഭടന്‍മാരുടെ അകമ്പടിയില്ലാതെ രാജ്യത്തെ ഭരണാധികാരികളും പ്രമുഖരും താരങ്ങളുമൊക്കെ സാധാരണ ജനങ്ങൾക്കിടയിലെത്തുക അപൂര്‍വ്വമാണ്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ അത്തരം ചിലസംഭവങ്ങൾ ആസൂത്രണം ചെയ്യുന്ന രാഷ്ട്രീക്കാരുമുണ്ട്.
അകമ്പടി വാഹനങ്ങളെ ഒഴിവാക്കി രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറുന്നതും പ്രധാനമന്ത്രി സാധാരണക്കാരുടെ ഇരിപ്പിടത്തില്‍ ഇരിക്കുന്നതും ഒക്കെ നമ്മുടെ നാട്ടില്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. യുഎഇ ഭരണാധികാരികൾ സാധാരണക്കാര്‍ക്കൊപ്പം ചില നിമിഷങ്ങൾ പങ്കുവയ്ക്കുന്നതും ശ്രദ്ധേയമാണ്.
സമാനമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞദിവസം ജിദ്ദയിലെ ഒരു സാധാരണ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയത് അമ്പരപ്പുണ്ടാക്കി. ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഒപ്പമുണ്ടായിരുന്നു.
അമ്പരപ്പ് മാറിയതോടെ റസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഫോട്ടോ എടുക്കാനായി രാജകുമാരന്‍റെ ഒപ്പം കൂടി. നല്ല ഭക്ഷണവും കഴിച്ച് വിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് രാജകുമാരന്‍ മടങ്ങിയത്. മലയാളി പ്രവാസികൾ ഉൾപ്പെടെ നിരവധിപേര്‍ എത്തുന്ന അറബിക് റെസ്റ്റോറന്‍റിലായിരുന്നു സംഭവം.
ലോകത്തെ ഏറ്റവും സമ്പന്നരായ ഭരണാധികാരികളിലൊരാളാണ് സൗദി രാജകുമാരന്‍.. നിരവധി ആഡംബര നൗകകളും കൊട്ടാരങ്ങളും ഒക്കെ സ്വന്തമായിയുളള അപൂര്‍വ്വം ആളുകളില്‍ ഒരാൾ. മാത്രമല്ല യുവ ഭരണാധികാരികളില്‍ ലോക ശ്രദ്ധനേടുന്ന വ്യക്തികൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. എന്തായാലും രാജകുമാരന്‍ സാധാരണക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത് നിമിഷങ്ങൾകൊണ്ട് വൈറലായിമാറി.