യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിലേക്ക് ‘ ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. അമ്മമാർക്ക് ആദരവർപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിനാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിന് ആളുകൾക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഡോ. ഷംഷീർ സംഭാവന നൽകുന്നത്.
സ്വന്തം അമ്മമാരോടുള്ള ആദരസൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഈ ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനും അവരെ ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, അനുകമ്പ, ദയ, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യുഎഇയുടെ പങ്ക് ഉയർത്തിക്കാട്ടുക എന്നത് കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
അതേസമയം ദയയിലും അനുകമ്പയിലും ഊന്നിയ യുഎഇയുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയിനെന്ന് ഡോ. ഷംഷീർ പറഞ്ഞു. കൂടാതെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും യുഎഇയുടെ സഹായ സന്നദ്ധതയ്ക്കും പിന്തുണയേകിയാണ് ക്യാമ്പയിനിലേക്ക് സംഭാവന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.