യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൂടുതല്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔട്ട്സോഴ്സിങ് ഏജന്‍സികളില്‍ നിന്നും അബുദാബിയിലെ ഇന്ത്യന്‍ എംബസി അപേക്ഷയും ക്ഷണിച്ചു.
പ്രവാസി ഇന്ത്യക്കാര്‍ക്ക് 2024-ന്റെ ആരംഭത്തോടെ സേവനങ്ങൾ പുതിയ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കും. സേവനങ്ങള്‍ കാര്യക്ഷമമാക്കുക, സമയബന്ധിതമായി പൂർത്തിയാക്കുക, എല്ലാ മേഖലയില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പുതിയ കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ട് കമ്പനികളാണ് യു.എ.ഇയിൽ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഔട്ട്സോഴ്സ് സേവനങ്ങള്‍ നല്‍കുന്നത്.
ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററിന് (ഐസിഎസി) കീഴില്‍ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും പുതിയ സേവന ദാതാവ് ലഭ്യമാക്കണം. മാത്രമല്ല പ്രധാന സ്ഥലങ്ങളിലെല്ലാം സേവന കേന്ദ്രങ്ങള്‍ തുറക്കുന്നതിനൊപ്പം അപേക്ഷകരുടെ വീടുകളിലെത്തിയും കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാന്‍ പുതിയ ഏജന്‍സിക്ക് അനുമതിയുണ്ടായിരിക്കും. ഇത്തരം സേവനങ്ങൾക്ക് പരമാവധി 380 ദിര്‍ഹം വരെ ഫീസ് ഈടാക്കാമെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.
ഉപഭോക്താക്കൾക്ക് വേഗത്തില്‍ എത്താൻ സാധിക്കുന്നതും പാര്‍ക്കിംഗ് സൗകര്യങ്ങൾ ഉള്ളതുമായ സ്ഥലങ്ങളിലാകണം കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതെന്നും നിർദേശത്തിലുണ്ട്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തമിഴ്, മലയാളം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ വെബ്സൈറ്റും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനും ടെലിഫോണ്‍, ഇ-മെയില്‍ വഴിയെത്തുന്ന പരാതികൾ പരിഹരിക്കാനും കസ്റ്റമര്‍ കെയര്‍ സേവനവും നിര്‍ബന്ധമാണ്.