ഒമാൻ – അൽഐൻ അതിർത്തിയിലെ പരിശോധന സുഗമാക്കുന്നതിനായി കൂടുതൽ സ്കാനറുകൾ സ്ഥാപിക്കും. എ.ഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് പുതിയ സ്‌കാനറുകൾ സ്ഥാപിക്കുന്നത്. ഒമാൻ യാത്ര സുഗമമാക്കുന്നതിനും അതിർത്തിയിലെ പരിശോധന നടപടിക്രമങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെയും വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
അൽ ഐനിലെ കസ്റ്റംസ് കേന്ദ്രങ്ങളിൽ നോൺ-സ്റ്റോപ്പ് സ്‌കാനിങ്ങിനായി നൂതന പരിശോധന ഉപകരണങ്ങൾ നൽകുന്നതിനുള്ള പദ്ധതി ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ യുഎഇ-ഒമാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഖതം അൽ ഷിക്ല, മെയ്സാദ് എന്നീ കസ്റ്റംസ് കേന്ദ്രങ്ങളിൽ അത്യാധുനിക എക്‌സ്-റേ സ്‌കാനിങ് ഉപകരണങ്ങളും രണ്ട് സെൻട്രൽ കൺട്രോൾ, ഓപ്പറേഷൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും നൂതനമായ ഏഴ് അത്യാധുനിക സ്‌കാനിങ് ഉപകരങ്ങളാണ് ഈ സ്ഥലങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 100 ട്രക്കുകൾ, 150 വിനോദസഞ്ചാര വാഹനങ്ങൾ, 150 ബസുകൾ എന്നിവ പുതിയ സ്കാനറിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.