യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയ്ക്ക് ശേഷം വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. അടുത്ത ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചത്. തകർത്ത് പെയ്ത മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതം വിട്ടകലും മുമ്പാണ് അടുത്ത മഴയുടെ മുന്നറിയിപ്പെത്തുന്നത്.
ഏപ്രിൽ 23-ഓടെ രാജ്യത്ത് മഴ പെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും എന്നാൽ ചില പ്രദേശങ്ങളിൽ മഴ തീവ്രമാകുമെന്നും എൻസിഎം അറിയിച്ചു. ഈ കാലയളവിൽ തീരപ്രദേശങ്ങളിലും താപനില കുറയാനും നേരിയതോ മിതമായതോ ആയ കാറ്റ് വീശനും സാധ്യതയുണ്ട്. വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് ദിശയിലേക്കാണ് കാറ്റ് വീശുക.
കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും. ഇടയ്ക്കിടെ മണിക്കൂറിൽ 30 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്. നാളെ ഉച്ചയോടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പർവതങ്ങൾക്ക് മുകളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഒരുപക്ഷേ മഴ പെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.