മോഹൻലാലിൻ്റെ പുതിയ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യുപ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ളതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. ഈ മാസം 21ന് ചിത്രത്തിൻ്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ഈ തിരിച്ചടി. ഉള്ളടക്കത്തിൽ മാറ്റം വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
യുഎഇയിൽ ചിത്രം വെള്ളിയാഴ്ച തന്നെ പ്രദർശനത്തിനെത്തുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ , ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് മോൺസ്റ്റർ. കേരളത്തിൽ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ഉള്ളത്.
സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.