പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ തന്റെ സ്വകാര്യ യാത്രകൾക്കായി ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. പൊലീസുകാർക്ക് മദ്യം വിതരണം ചെയ്യാനും വീട്ടിലെ ആവശ്യങ്ങൾ നടത്താനും റിട്ട ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി കേസിൽ സാക്ഷിയായ ഡവർ ജെയ്സൺ മാധ്യമങ്ങളോട് പറഞ്ഞു. റോഡിലെ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഐജി ലക്ഷ്മണയുടെ സീലും ഒപ്പുമടങ്ങിയ പാസുകളും വ്യാപകമായി ഉപയോഗിച്ചിരുന്നതായും ജെയ്സൺ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
കടുത്ത യാത്രാനിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡിന്റെ തുടക്കകാലത്ത് ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോൻസൺ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി നിരവധി തവണ ഉപയോഗിച്ചെന്നാണ് പറയുന്നത്. ആലപ്പുഴയിൽ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ മേടിക്കാനും സുഹൃത്തായ പൊലീസുകാരന് മദ്യക്കുപ്പി വാങ്ങിനൽകാനും എല്ലാം ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സൺ പറയുന്നു.
തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്ര പൊലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സൺ പറയുന്നു. മോൻസൺ സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്ന സമയത്താണ് പോലീസ് പരിശോധന ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കയ്യൊപ്പും സീലും അടങ്ങിയ പാസുകൾ ഉപയോഗിച്ചത്. മറ്റ് ചിലരുടെ യാത്രകൾക്കും ഈ പാസുകൾ കൊടുത്തിരുന്നതായി ജെയ്സൺ പറയുന്നു. കേസിൽ സാക്ഷിയായ ജെയ്സൺ ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നുവെന്നും ചില ഫോട്ടോകൾ തെളിവിന് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നും വെളിപ്പെടുത്തുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീളുന്ന തെളിവുകൾ അന്വേഷണത്തിനിടെ പൊലീസ് തന്നെ നശിപ്പിച്ചതായാണ് പരാതിക്കാരുടെ സംശയം.