കുരങ്ങുപനി ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്താനാണ് നിര്‍ദ്ദേശം.
ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വിമാനത്താവള ഉദ്യാഗസ്ഥരുമായും തുറമുഖ വകുപ്പ് ആരോഗ്യ വിഭാഗവുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർദ്ധിക്കാതിരിക്കാനും വ്യാപനം ഒഴിവാക്കാനും മുന്‍ കരുതലുകൾ ഏര്‍പ്പെടുത്താന്‍ നിർദ്ദേശം നൽകി. അന്താരാഷ്ട്ര തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പാക്കാനാണ് തീരുമാനം.
ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കുരങ്ങുപനി രോഗികളും ദുബായില്‍ നിന്ന് കേരളത്തിലെത്തിയതാണ്. കൊല്ലം, കണ്ണൂര്‍ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷത്തിലാക്കുകയും ചെയ്തിട്ടുണ്ട്.