ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെത്തി നടൻ മോഹൻലാൽ. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് മേപ്പാടിയിൽ എത്തിയത്. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്.
കോഴിക്കോട് നിന്ന് റോഡ് മാർഗമാണ് മോഹൻലാൽ വയനാട്ടിലെത്തിയത്. ദുരന്തമുഖത്തെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെ അഭിനന്ദിക്കുകയും തുടർന്ന് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആന്റ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്’ എന്ന കുറിപ്പും മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.