കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തിലൂടെ കീരിക്കാടൻ ജോസായി മലയാളികളുടെ മനസിൽ ചേക്കേറിയ അന്തരിച്ച നടൻ മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുക എന്നത് ഭാഗ്യമാണെന്നും സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്ക് മുന്നില്‍നിന്ന ഗാംഭീര്യമാണ് മോഹൻരാജെന്നുമാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
“കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട” എന്നാണ് മോഹൻലാൽ കുറിച്ചത്.
ഏറെ നാളായി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന മോഹൻരാജ് ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വെച്ചായിരുന്നു മരണപ്പെട്ടത്. വിദേശത്തുള്ള മകൾ എത്തിയ ശേഷം സംസ്കാരം നടത്തും.