സാമൂഹിക മാധ്യമങ്ങളിൽ പൊതുവെ ഒരു ട്രെന്റിംഗ് ആണ് പഴയ കാല സിനിമയുടെ പല സംശയ നിവാരണങ്ങളും. സമ്മൻ ബെത്ലഹം എന്ന സിനിമയുടെ ക്ലാമാക്സിൽ ഏതു സുന്ദരിയുടെ കൈയ്യിലായിരുന്നു പൂച്ച എന്നത് പലർക്കും സംശയമായിരുന്നു, ഇത് സംബന്ധിച്ച് സംവിധായകൻ സിബി മലയിലിനോട് തന്നെ പലരും ചോദിച്ചിട്ടുണ്ട്.
ഇപ്പോൾ വൈറലാകുന്നത് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം സിനിമയെ കുറിച്ചാണ്. 1988-ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ചിത്രം.
മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ നിന്ന് രക്ഷപ്പെട്ട ഒരു കുറ്റവാളിയാണ്. ഈ കുറ്റവാളിയെ തേടി ജയിൽ വാർഡനായിരുന്ന നടൻ സോമൻ അവതരിപ്പിച്ച കഥാപാത്രം എത്തുന്നു. കഥയുടെ ഈ ഭാഗത്തെപ്പറ്റിയുള്ള സംശയമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ചിത്രം സിനിമയിൽ ആരായിരിക്കും ലാലേട്ടനെ പോലീസിന് ഒറ്റുകൊടുത്തിട്ടുണ്ടാവുക എന്നതാണ് പ്രധാനചോദ്യം. സായിപ്പിന്റെ കൈയിൽ നിന്ന് കിട്ടിയതിന്റെ പാതി കൊടുക്കാഞ്ഞതിനു ആ ചെക്കൻ പണിതതാകുമോ? അതോ ശ്രീനിവാസനാകുമോ? എന്തായാലും ടവർ ലോക്കേഷനോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന ആക്കാലത്ത് ഒരു മനുഷ്യൻ മുഖാന്തിരം മാത്രമേ അത് സാധ്യമാകു. ആരാകും അത് ചെയ്തത് ??? എന്ന രസകരമായ കുറിപ്പാണ് പ്രചരിക്കുന്നത്. സ്കൈലാർക്ക് എന്റർടൈൻമെന്റ് എന്ന പേജിലാണ് കുറിപ്പ് വന്നിരിക്കുന്നത്.
നിരവധി ആളുകളാണ് പോസ്റ്റിന് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്. കേരളപോലീസ് എന്നും ഇന്നും മാസ്സാണെന്നാണ് ചിലരുടെ കമന്റ്. ചിത്രത്തിന് രണ്ടാം ഭാഗം വരുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ഉത്തരമില്ലാത്ത ചോദ്യം കഴിഞ്ഞ 36 വർഷമായി അവശേഷിക്കുകയാണ്.