യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റ്‌സ് എൻബിഡിയുടെ ആസ്ഥാനം സന്ദർശിച്ചു. ബാങ്കിൻ്റെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.
ഷെയ്ഖ് മുഹമ്മദിൻ്റെ സന്ദർശന വേളയിൽ ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉണ്ടായിരുന്നു. ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എൻബിഡി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും ഉണ്ടായിരുന്നു.
വാണിജ്യത്തിനും വ്യാപാരത്തിനുമുള്ള ലോകത്തെ മുൻനിര കേന്ദ്രങ്ങളിലൊന്നായ യുഎഇയുടെ വളർച്ചയിൽ ഒരു പ്രധാന പങ്കാണ് എമിറേറ്റ്‌സ് എൻബിഡി വഹിച്ചിരിക്കുന്നത് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ നേട്ടങ്ങൾക്കൊപ്പമായിരുന്നു കഴിഞ്ഞ 60 വർഷത്തെ ബാങ്കിൻ്റെ വളർച്ച.യുഎഇയുടെ ബാങ്കിംഗ് മേഖലയുടെ വളർച്ചയിൽ എമിറേറ്റ്‌സ് എൻബിഡി ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിന് എമിറേറ്റ്സ് എൻബിഡിയുടെ സംഭാവന ഇനിയും തുടരുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ, എമിറേറ്റ് എൻബിഡി പേൾ മ്യൂസിയവും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. ബാങ്കിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് 2003-ലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, തുർക്കിയെ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പാണ് എമിറേറ്റ്‌സ് എൻബിഡി. ലോകമെമ്പാടും 30,000-ത്തിലധികം ജീവനക്കാരും 2 കോടിയിലധികം ഉപഭോക്താക്കളുമുണ്ട് ബാങ്കിന്. 2007-ൽ നാഷണൽ ബാങ്ക് ഓഫ് ദുബായും എമിറേറ്റ്സ് ബാങ്ക് ഇൻ്റർനാഷണലും തമ്മിലുള്ള ലയനത്തെ തുടർന്നാണ് എമിറേറ്റ്സ് എൻബിഡി രൂപീകരിച്ചത്.
2023ൽ എമിറേറ്റ്‌സ് എൻബിഡിയുടെ ലാഭം 65 ശതമാനം ഉയർന്ന് 21.5 ബില്യൺ ദിർഹമായി, മൊത്തം വരുമാനം 32 ശതമാനം ഉയർന്ന് 43 ബില്യൺ ദിർഹമായി. ബാങ്കിൻ്റെ ആസ്തി അടിസ്ഥാനം 2023-ൽ 16% ഉയർന്ന് 2023 അവസാനത്തോടെ AED863 ബില്യൺ ആയി.ഗ്രൂപ്പിന് നിലവിൽ യുഎഇ, ഈജിപ്ത്, ഇന്ത്യ, തുർക്കി, സൗദി അറേബ്യ, സിംഗപ്പൂർ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രിയ, ജർമ്മനി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങളും ചൈനയിലും ഇന്തോനേഷ്യയിലും പ്രതിനിധി ഓഫീസുകളും ഉണ്ട്.