അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും.
രാഹുലിനു പരമാവധി ശിക്ഷ നൽകിയ വിചാരണക്കോടതി നടപടിക്കു കാരണമൊന്നും കാണുന്നില്ല. അതുകൊണ്ടു കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യുകയാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും സുപ്രീം കോടതി വിധിച്ചു.രാഹുലിന്റെ പരാമർശങ്ങൾ ഔചിത്യമുള്ളതെന്നു കരുതാനാവില്ലെന്ന്, ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുരംഗത്തുള്ളവർ പ്രസംഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കോടതി പറഞ്ഞു.
രാഹുലിന്റെ അപ്പീൽ പരിഗണിച്ചപ്പോൾ ഇരുപക്ഷത്തിനും പതിനഞ്ചു മിനിറ്റു വീതം വാദങ്ങൾ അവതരിപ്പിക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെങ്കിൽ അതിനു തക്ക കാരണം വേണമന്നും ബെഞ്ച് വ്യക്തമാക്കി.മോദി സമുദായത്തിൽപ്പെട്ട പതിമൂന്നു കോടി ജനങ്ങളിൽ ബിജെപി നേതാക്കൾ മാത്രമാണ് രാഹുലിനെതിരെ പരാതി നൽകിയിട്ടുള്ളതെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിങ്വി പറഞ്ഞു. വിധി പറഞ്ഞ കേസിലെ പരാതിക്കാരനായ പൂർണേഷ് മോദിയാവട്ടെ, യഥാർഥ മോദി സമുദായക്കാരൻ അല്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. ഇത് പൂർണേഷ് മോദി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അഭിഷേക് സിങ്വി പറഞ്ഞു.
രാഹുലിന്റെ പ്രസംഗം നേരിട്ടു കേട്ടയാളാണ് സാക്ഷിയെന്ന്, പൂർണേഷ് മോദിക്കു വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. പ്രധാനമന്ത്രിയുടെ പേരു വച്ച് മോദി സമൂദായത്തെ മുഴുവൻ അപമാനിക്കലായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മോദി സമുദായത്തിൽപ്പെട്ട ആർക്കും കേസ് നൽകാൻ അവകാശമുണ്ടെന്ന് ജഠ്മലാനി വാദിച്ചു.അതേസമയം അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച ആദ്യ പ്രതികരണം.’വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ – എന്നാണ് കോൺഗ്രസിന്റെ ട്വീറ്റ്.