വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത മെട്രോയുടെ ഭാഗമായി, മെട്രോ ട്രെയിൻ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്നതിനായി നിർമിച്ച ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണലാണ് ഉദ്ഘാടനം ചെയ്തത്.
വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടൽ. ഹൗറ മൈതാൻ മുതൽ എക്‌സ്പ്ലനേഡ് വരെ നീളുന്ന അണ്ടർവാട്ടർ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ് നിർമിച്ചിരിക്കുന്നത്.
ഹൗറയേയും സാൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന അണ്ടർ വാട്ടർ മെട്രോയ്ക്ക് ആറു സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. നഗരത്തിലെ ട്രാഫിക് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പുതിയ പദ്ധതി വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ.ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 16.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 10.8 കി.മീ. ഭാഗം ഭൂമിക്കടിയിലൂടെയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 520 മീറ്റർ ദൂരമാണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്.
VIDEO | PM Modi travels in India's first underwater metro in West Bengal's Kolkata.
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/SD7ihTKEln
— Press Trust of India (@PTI_News) March 6, 2024
അതേസമയം കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്.