ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാൾ ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ബിജെപി പ്രിയപ്പെട്ട പ്രധാനമന്ത്രിക്കായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികൾ. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.
മോദിയുടെ പിറന്നാൾ കൊണ്ടാടാൻ ’56 ഇഞ്ച്’ താലി വിളമ്പിയിരിക്കുകയാണ് ഡൽഹി കൊണാട്ട് പ്ലേസിലെ ‘ആര്‍ദോര്‍ 2.1’ എന്ന റെസ്റ്റോറന്‍റ്.പിറന്നാള്‍ ദിനമായ ഇന്ന് മുതല്‍ പത്ത് ദിവസത്തേയ്ക്ക് 56 വിഭവങ്ങളുള്ള ഈ പ്രത്യേക താലി വിളമ്പുമെന്ന് കടയുടമ സുമിത് കല്‍റ പറഞ്ഞു. ഇരുപതുതരം സബ്സികൾ, വിവിധ തരം റൊട്ടി, ദാല്‍, ഗുലാബ് ജാമുന്‍, കുല്‍ഫി എന്നിവയടങ്ങിയ ഈ പ്രത്യേക താലിക്ക് 3000 രൂപയാണ് വില. മോദിയോടുള്ള ആദരവുകൊണ്ടാണ് ഇത്തരമൊരു താലി ഒരുക്കിയതെന്ന് സുമിത് പറഞ്ഞു.
തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രി തെരഞ്ഞെടുത്താണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടി നടത്തുന്നത്. ഇവിടെ ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം പാർട്ടി വിതരണം ചെയ്യും.
മോദിയുടെ സ്വന്തം ഗുജറാത്തിൽ മോദിയുടെ മുഖാകൃതിയിൽ 72,000 ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ 72 മരങ്ങൾ നടനും 72 കുപ്പി രക്തം ശേഖരിക്കാനും പദ്ധതിയുണ്ട്.
ഡൽഹിയിൽ വിജയ് ഗോയൽ എംപി മോദിയുടെ പിറന്നാൾ 72 കിലോഗ്രാം ഭാരമുള്ള കേക്ക് മുറിച്ച് ആഘോഷിക്കാനാണ് തീരുമാനം. രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനിൽ പൊതുജനങ്ങൾക്ക് ആശംസ അറിയിക്കാൻ ‘വോൾ ഓഫ് ഗ്രീറ്റിംഗ്‌സും’ സ്ഥാപിച്ചിട്ടുണ്ട്.പ്രധാനമന്ത്രിക്ക് പിറന്നാളിന് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.