രാഹുൽ ഗാന്ധിയുടെ വീഡിയോ ഷൂട്ടുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലയിൽ പെട്ടി ചുമന്ന് റെയിൽവെ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളും പാടത്തിലിറങ്ങി കർഷകർക്കൊപ്പം കൃഷി ചെയ്യുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മോദി വിമർശനവുമായി രംഗത്ത് എത്തിയത്.
പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായെന്ന് മോദി കുറ്റപ്പെടുത്തി. കർഷകരുടെ കൃഷി സ്ഥലവും ഫോട്ടോ ഷൂട്ടിങ്ങിനുള്ള വേദിയായി മാറിയെന്നും പക്ഷേ തനിക്ക് രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി ഒന്നുമില്ലെന്ന് മോദി കൂട്ടിച്ചേർത്തു.
ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിലൂടെ ചുവന്ന ഷർട്ട് ധരിച്ച് പോർട്ടറുടെ വേഷത്തിൽ നടന്നു നീങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുൽ ഗാന്ധി എത്തിയത്. അവർ നൽകിയ ചുവന്ന യൂണിഫോം ഷർട്ടും ബാഡ്ജും ധരിച്ച് പെട്ടി തലയിൽ ചുമന്ന് രാഹുൽ പിന്നീട് അവർക്കൊപ്പം നടന്നു. രാഹുൽ ഗാന്ധിക്കായി പോർട്ടർമാർ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു