ആലപ്പുഴ കുട്ടനാട് മേഖലയിൽ കനത്ത മഴ മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന മൂന്ന് മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, 24 മണിക്കൂർ പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഇവ പ്രവർത്തനം ആരംഭിക്കും.
ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ ഒരുക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് സേവനം ലഭ്യമാക്കുക. കൂടാതെ ചമ്പക്കുളം, കാവാലം, കുപ്പപുറം എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിലും ഡോക്ടർ, നഴ്സ്, ഫർമസിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സയും ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമാണ്. കൂടാതെ രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ വഴി നടത്തുന്നുണ്ട്.
അതേസമയം ഈ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൊബൈൽ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ സേവനം ലഭ്യമാകുന്ന മൊബൈൽ യൂണിറ്റിൽ ഡോക്ടർ, നഴ്സ് തുടങ്ങിയവർ ഉണ്ടാകും. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഓക്സിജൻ ഉൾപ്പെടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡി.എം.ഒ. കൺട്രോൾ റൂം നമ്പർ 0477 2961652.