ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പ്രതിഭാശാലിയായ ക്യാപ്റ്റൻ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 26 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് തിരശീല വീഴുന്നത്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 1999 ജൂണിൽ തന്റെ 16ആം വയസിൽ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇന്ത്യൻ ജേഴ്സി അണിഞ്ഞ മിതാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന പേര് സ്വന്തമാക്കിയാണ് വിരമിക്കുന്നത്.
കടന്നുപോയ വർഷങ്ങളിൽ നിങ്ങളെനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദി. നിങ്ങളുടെ അനുഗ്രഹാശിർവാദങ്ങളോട് കൂടി ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്നാണ് ട്വീറ്റിനൊപ്പം മിതാലി കുറിക്കുന്നത്.
വിജയകരമായി കരിയർ പൂർത്തിയാക്കി വിരമിക്കുന്ന മിതാലിക്ക് നന്ദിയറിയിച്ചും ആശംസകളുമായി ഐസിസിയും ബിസിസിഐയും മുൻ താരങ്ങളും ഐപിഎൽ ടീമുകളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഖേൽരത്ന പുരസ്‌കാരം നേടിയ ഏക വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. മിതാലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം 2017 ലോകകപ്പിൽ ഫൈനലിൽ വരെ എത്തിയിരുന്നു. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് ഇന്ത്യയെ നയിച്ചത് മിതാലിയാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസ്. ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസ്. ടി20 ക്രിക്കറ്റിൽ 2364 റൺസ്. ഇവയാണ് മിതാലിയുടെ സമ്പാദ്യം.
Wish you a happy retired life. Your contributions to Indian cricket will be remembered for ever. God bless you. Dr.M.Kochu Babu