യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ നിയമനം സംബന്ധിച്ച് റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം. രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്ന് ഗാർഹിക ജോലിക്കാരെ നിയമിക്കാവൂ എന്നാണ് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചത്.
മന്ത്രിസഭാ തീരുമാനപ്രകാരം ഏജൻസികളുടെ ഓരോ നിയമ ലംഘനത്തിനും 2,000 ദിർഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 10,000 ദിർഹമാണ് പിഴ ചുമത്തുക. രാജ്യത്തിന് പുറത്ത് ഇടപാടുകൾക്ക് മന്ത്രാലയം വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങളുമായോ കാര്യാലയങ്ങളുമായോ ബന്ധപ്പെട്ട് പ്രവർത്തിച്ചാലും 10,000 ദിർഹമാണ് പിഴ. റിക്രൂട്ടിങിനായി അധിക തുക വാങ്ങിയാൽ ഏജൻസികളിൽ നിന്നും 5,000 ദിർഹം പിഴയായി ഈടാക്കും.
അംഗീകൃത ഏജൻസികളുടെ പ്രവർത്തനങ്ങൾ പൂർണമായും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും അനധികൃതമായി വീട്ടുജോലിക്കാരെ നിയമിച്ചാൽ തൊഴിലുടമയ്ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് എതെങ്കിലും ഓഫീസ് പ്രവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാമെന്നും www.mohre.gov.ae വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത റിക്രൂട്ടിങ് ഓഫീസുകളുടെ വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ നിർദേശിച്ചു.