ആലത്തൂരില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം രാജി വെച്ചു. ചരിത്രപരമായ ഉത്തരവിൽ ഒപ്പിട്ട ശേഷമാണ് പടിയിറക്കം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന പേരിൽ ഇനി വിശേഷിപ്പിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.
കോളനി എന്ന പദം താമസക്കാരിൽ അവമതിപ്പും അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. കൂടാതെ സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് എന്നത് പ്രകൃതി എന്നും മാറ്റിയിട്ടുണ്ട്. താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്.
അതേസമയം തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സംരംഭകരാക്കി ഉയർത്തുന്ന ഉന്നതി എംപവർമെൻ്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ കെ.രാധാകൃഷ്ണൻ്റെ അവസാന പരിപാടി. അവസാന ഉത്തരവിലും ഒപ്പിട്ടതിന് ശേഷം ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.