ആർഎൽവി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലടക്കം ആർഎൽവി രാമകൃഷ്ണന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കേരളം ഒന്നടങ്കം ആർഎൽവി രാമകൃഷ്ണനായി ഒന്നിച്ചു അണിനിരന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുതെന്നും രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പരാതിയുടെ പേരിൽ സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി നിർത്താൻ ആവില്ല. മാറ്റിനിർത്തൽ അല്ല നമ്മുടെ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.
കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോയെന്ന് ആരും ചോദിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ‘മനസ് ഇപ്പോഴും മാറ്റത്തിന് വിധേയമാകുന്നില്ല. പഴയ മനസുമായിട്ടാണ് പല രംഗത്തും ചില ആളുകൾ പ്രവർത്തിക്കുന്നത്. ഏതെങ്കിലും ആളുകളുടെ മനസിനകത്ത് ഇത്തരം ചിന്തകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഒരു ഘട്ടത്തിൽ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ പുറത്തുവരുന്നതിന് എതിരായിട്ടുള്ള ചർച്ചകളാണ് ഉയർന്ന് വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.