ബെല്‍സ് പാൾസി രോഗത്തെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി ഉണ്ടാക്കുന്ന വൈകല്യമാണ് ബെല്‍സ് പാൾസി. മുഖത്തിൻ്റെ ഒരു ഭാഗത്തും കണ്ണിനും രോഗം ബാധിച്ചതോടെയാണ് മിഥുൻ ചികിത്സ തേടിയത്.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുകയായിരുന്നു. “വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി” എന്നാണ് താരം പ്രതികരിച്ചത്. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നെന്നും ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്, ചിരിക്കുമ്പോൾ മുഖത്തിൻ്റെ ഒരു ഭാഗം അനക്കാന്‍ ആകില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയാണെന്നും മിഥുൻ വെളിപ്പെടുത്തി.
രോഗം വേഗം ഭേതമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുളളത്. കോവിഡ് മുക്തി നേടിയവരിൽ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് നേരത്തെ വിദഗ്ദ്ധർ സൂചിപ്പിച്ചിരുന്നു. നടി ബീന ആൻ്റണിയുടെ ഭർത്താവ് മനോജിന് സമാന രോഗം ബാധിച്ചപ്പോഴും ആരാധർ ബെല്‍സ് പാൾസിയെപ്പറ്റി ചർച്ച ചെയ്തിരുന്നു.
മുഖത്തിൻ്റെ ഒരു വശത്തെ പേശികൾക്ക് പെട്ടെന്ന് തളർച്ചയുണ്ടാകുന്ന അവസ്ഥയാണ് ബെൽസ് പാൾസി എന്നറിയപ്പെടുന്നത്. മിക്ക രോഗികളിലും ഇത് താത്കാലികമാണ്. എന്നാൽ പ്രാഥമിക ഘട്ടത്തിൽതന്നെ വിദഗ്ദ്ധ ചികിത്സ നേടേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.