ഈ വർഷത്തെ ഹജ്ജ് അവസാനിച്ചപ്പോൾ തീർഥാടകരെ സേവിക്കാനിറങ്ങിയ മലയാളി പെൺകുട്ടി എല്ലാവരുടെയും മനംകവർന്നു. കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ വളൻറിയർ സേവനത്തിന് എത്തിയ മിദ്ഹ ഫാത്തിമ എന്ന ഏഴ് വയസ്സുകാരിയാണ് തീർഥാടകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പെരിന്തൽമണ്ണയിലെ മണ്ണാർമല വേങ്ങൂർഎ.എം.എച്ച്.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് മിദ്ഹ.
ജിദ്ദയിൽ ജോലിചെയ്യുന്ന മിദ്ഹയുടെ പിതാവ് നാസറിന്റെ അടുത്തേക്ക് ഉമ്മ റിൻസിദായുടെ കൂടെ സന്ദർശന വിസയിലെത്തിയതാണ് ഈ കൊച്ചു മിടുക്കി. കെ.എം.സി.സി പ്രവർത്തകനായ നാസർ ഹജ്ജ് സേവനത്തിന് പോകാനൊരുങ്ങുന്നത് കണ്ട മിദ്ഹ ഹാജിമാർക്ക് സേവനം ചെയ്യാൻ കൂടെ വരട്ടെ എന്ന് ചോദിച്ചു. എന്നാൽ കടുത്ത ചൂടും നടത്തത്തിന്റെ ദൂരവും തിരക്കിൽ അകപെട്ടാൽ കാണാതെ വന്നാലോ എന്ന ഭയവുമെല്ലാം കാരണം നാസറും റിൻസിദയും അത് നിരസിച്ചു.
പക്ഷെ, കൊണ്ടുപോകണം എന്ന് മിദ്ഹ വാശി പിടിച്ചപ്പോൾ നാസറിന് മറുത്തൊന്നും പറയാനായില്ല. അങ്ങനെ മക്കയിലും മീനയിലുമായി മറ്റു കെ.എം.സി.സി വളൻറിയർമാർക്കൊപ്പം മിദ്ഹയും രാപ്പകലില്ലാതെ ഊണും ഉറക്കവുമൊഴിച്ച് ഹാജിമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു. അഞ്ചു ദിവസമാണ് ഈ കൊച്ചു മിടുക്കി സേവനരംഗത്ത് നിലകൊണ്ടത്.
അതേസമയം പ്രവർത്തനത്തിൽ പ്രായത്തെ വെല്ലുന്ന മികവാണ് മിദ്ഹ പുലർത്തിയതെന്ന് മറ്റ് വളൻറിയർമാർ സാക്ഷ്യപ്പെടുത്തി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് വന്ന ഹാജിമാരുടെ മനംകവരാൻ മിദ്ഹയുടെ സേവന സന്നദ്ധതക്കായി. കൂടാതെ അനേകം രാജ്യക്കാരുടെ അഭിനന്ദനവും പ്രശംസകളും സമ്മാനങ്ങളും കൊച്ചു മിടുക്കിയുടെ നന്മ മനസ്സിനുള്ള അംഗീകാരമായി മാറി. കെ.എം.സി.സിയും നാട്ടുകാരും മിദ്ഹ ഫാത്തിമ്മയുടെ നിഷ്കളങ്കമായ ഈ പുണ്യ സേവനത്തെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനുമുള്ള തയാറെടുപ്പിലാണിപ്പോൾ.