കുവൈത്തിൽ ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി. രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ഏർപ്പെടുത്തിയതായി പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
ജൂൺ ഒന്ന് മുതൽ രാജ്യത്ത് പുറം ജോലികൾക്ക് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെയാണ് നിയന്ത്രണം. ഈ നിയന്ത്രണമാണ് ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. ആഗസ്റ്റ് 31വരെ നിയന്ത്രണം നിലനിൽക്കും. ഡെലിവറി തൊഴിലാളികളെ പുറം തൊഴിലാളികളായി കണക്കാക്കിയാണ് പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ നിയമം നിലവിൽ കൊണ്ടുവന്നത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുള്ളത്.
നിയന്ത്രണ സമയത്തിന് മുമ്പോ ശേഷമോ ഡെലിവറി തൊഴിലാളികൾ വാഹനം ഓടിക്കുമ്പോൾ നിശ്ചിത വസ്ത്രങ്ങളും ഹെൽമറ്റും നിർബന്ധമായും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജുഡീഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. നിയമ ലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയും ആവർത്തിച്ചാൽ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.