കുവൈത്തിൽ ചൂട് അതിശക്തമായി കൂടുന്ന സാഹചര്യത്തിൽ പുറംതൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നു. നാളെ മുതലാണ് രാജ്യത്ത് മധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരികയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഇത് നീണ്ടുനിൽക്കുക.
ഈ കാലയളവിൽ കുവൈത്തിലെ തുറന്ന ഇടങ്ങളിലും, സൂര്യതാപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. വേനലിലെ ശക്തമായ ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി പറഞ്ഞു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ 24936192 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 2015-മുതലാണ് രാജ്യത്ത് പുറംതൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.