2050ഓടെ എല്ലാ മെനാ രാജ്യങ്ങളും കടുത്ത ജലക്ഷാമം അനുഭവിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ. വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക മേഖലകൾ ജലസമ്മർദ്ദമുള്ള പ്രദേശങ്ങളുടെ ആഗോള റാങ്കിംഗിൽ ഒന്നാമതെത്തിയത്.
പഠനങ്ങൾ അനുസരിച്ച് ജലത്തിൻ്റെ സാനിധ്യം ഭയാനകമായ നിരക്കിൽ താഴ്ന്നതായാണ് റിപ്പോർട്ടുകൾ. 83 ശതമാനം ആളുകളും ജലക്ഷാമം നേരിടുന്നുണ്ട്. ലഭ്യമായ ജലത്തിൻ്റെ 80 ശതമാനവും കൃഷിക്കും കന്നുകാലികൾക്കും വ്യവസായത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്.
ഒരു ചെറിയ വരൾച്ച പോലും വലിയനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ജലവിതരണം പൂർണ്ണമായും തടസ്സപ്പെടാനുളള സാധ്യതകളും വിരളമല്ല. അതുകൊണ്ടുതന്നെ വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരുകൾ നിർബന്ധിതരാവുകയാണ്.
ഗൾഫ് മേഖലയിലെ ജലസമ്മർദ്ദത്തിൻ്റെ കാര്യത്തിൽ മുന്നിലുളളത് ബഹ്‌റൈനാണ്. ലെബനൻ, സൈപ്രസ് എന്നിവയ്‌ക്കൊപ്പം കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയെല്ലാം ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തി. ഡബ്ല്യുആർഐ റാങ്കിംഗിൽ യുഎഇ ഏഴാം സ്ഥാനത്തും സൗദി അറേബ്യ, ഇസ്രായേൽ, ഈജിപ്ത്, ലിബിയ, യെമൻ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നാലയുമുണ്ട്. .
2035-ഓടെ ഇറാഖിൻ്റെ ജല ആവശ്യത്തിൻ്റെ 15 ശതമാനം മാത്രമേ നിറവേറ്റാൻ കഴിയൂഎന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് ഇറാനിലെയും തുർക്കിയിലെയും അണക്കെട്ട് പദ്ധതികളെ ഭീഷണിയാക്കുന്നുണ്ട്. സബ്-സഹാറൻ ആഫ്രിക്ക മേഖലയിലും ജലത്തിൻ്റെ ആവശ്യകത ഉയരുകയാണ്. ജലസമ്മർദ്ദം അനുഭവിക്കുന്ന മേഖലകളിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണേന്ത്യയുമുണ്ടെന്ന് പഠനങ്ങൾ പറയുന്നു