അച്ഛനേപ്പോലെ സത്യസന്ധനായൊരു പൊലീസാകാൻ ആഗ്രഹിച്ച സേതുമാധവന്റെ ജീവിതം മാറ്റിയെഴുതിയ മലയാളത്തിലെ ഏറ്റവും വലിയ വില്ലൻ. മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനം, രണ്ടാൾ പൊക്കം, ചോരക്കണ്ണുകൾ, ശരീരത്തും മുഖത്തും മുറിപ്പാടുകൾ അങ്ങനെയങ്ങനെ അത്രയും കാലം കണ്ടുവന്ന വില്ലന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു കിരീടത്തിലെ കീരിക്കാടൻ ജോസ്.
മലയാളികളിൽ പലർക്കും മോഹൻരാജ് എന്ന നടനെ അറിയില്ല. എന്നാൽ കീരിക്കാടൻ ജോസ് എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരുമില്ല എന്നതാണ് വാസ്തവം. അതെ, സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ എക്കാലവും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ താരമാണ് മോഹൻരാജ്. ലോഹിതദാസിന്റെ തൂലികയിൽ പിറന്ന കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലനായി അണിയറപ്രവർത്തകർ ലോകം മുഴുവൻ അലഞ്ഞുനടന്നു. ഇതിനിടയിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ മോഹൻരാജിനെ ലോഹിതദാസ് കണ്ടുമുട്ടുന്നത്.
അങ്ങനെ സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന ആ ഉദ്യോഗസ്ഥൻ തന്നെയാണ് തന്റെ വില്ലൻ എന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. ലോഹിതദാസിന്റെ ആ കണ്ടെത്തൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലവും ഓർത്തിരിക്കാൻ സാധിക്കുന്ന പകരക്കാരനില്ലാത്ത വില്ലനെ തന്നെയായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പേറി നടന്ന സേതുമാധവന്റെ ജീവിതം തെരുവിലെ വെറുമൊരു ഗുണ്ടയിലേയ്ക്ക് ഒതുക്കിയ കിരീക്കാടൻ ജോസിനെ വെറുക്കാത്ത മലയാളി പ്രേക്ഷകരും ഉണ്ടാകില്ല.
എന്നാൽ മോഹൻരാജിന്റെ വേർപാട് അറിഞ്ഞതോടെ ഒരിക്കലെങ്കിലും ആ കഥാപാത്രത്തെ വെറുത്തതിന്റെ കുറ്റബോധത്തിലാണ് മലയാളി പ്രേക്ഷകർ. മലയാളം കണ്ട എക്കാലത്തെയും മികച്ച വില്ലനായ മോഹൻരാജ് എന്നും സിനിമാ പ്രേമികളുടെ മനസിൽ ജീവിക്കും.