യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എമാർ സ്ഥാപകനും അമേരിക്കാന ചെയർമാനുമായ മുഹമ്മദ് അലബ്ബാർ അബുദാബി തീരത്ത് 3.5 ബില്യൺ ഡോളറിന്റെ ഒരു പുതിയ ദ്വീപ് പദ്ധതി പ്രഖ്യാപിച്ചു. റാംഹാൻ ദ്വീപ് എന്നറിയപ്പെടുന്ന പദ്ധതിയിൽ 1,800 ബീച്ച് വില്ലകൾ, 1,000 ബ്രാൻഡഡ് വസതികൾ, ഒരു ഹോട്ടലും മറീനയും ഉണ്ടാകുമെന്നാണ് അറിയിപ്പ്.
മുഹമ്മദ് അലബ്ബാറിന്‍റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഈഗിൾ ഹിൽസ് ഡെവലപ്‌മെന്റ് കമ്പനിയ്ക്കാണ് പദ്ധതിയുടെ മേല്‍നോട്ടം.മൂന്ന് വർഷത്തിനുള്ളിൽ ആദ്യത്തെ വില്ലകൾ മാറാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അബുദാബിയുടെ ഭാവി പ്രകൃതി ദ്വീപ്
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജീവിത നിലവാരമാണ് ദ്വീപില്‍ ഉണ്ടാവുകയെന്ന് മുഹമ്മദ് അലബ്ബാർ പ്രമുഖ അറബ് മാധ്യമത്തോട് വെളിപ്പെടുത്തി.
കടൽത്തീരത്തോടുകൂടിയ പ്രകൃതിദത്ത ദ്വീപിൽ താമസിക്കുന്നത് വളരെ അപൂർവമായ കാര്യമാണ്. ഡോൾഫിനുകളും ആമകളും പക്ഷികളും ഉൾപ്പെടെ എല്ലാം പ്രകൃതിയിൽ നിന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബിയുടെ തീരത്ത് നിന്ന് 20 മിനിറ്റ് അകലെയാണ് ദ്വീപ്.
അത്യാധുനിക ഷോപ്പിംഗും ഫൈൻ ഡൈനിങ്ങും ഉള്ള ഒരു “ലോകോത്തര മറീന”യായി ദ്വീപിനെ മാറ്റാനാകും. ആഡംബര ഹോട്ടലും ഫ്ലോട്ടിംഗ് വില്ലകളും ഉൾപ്പെടുത്താണ് പദ്ധതി. 2862 ചതുരശ്ര അടി മുതൽ 7539 ചതുരശ്ര അടി വരെ വലുപ്പത്തിൽ വ്യത്യസ്തമായ എട്ട് വ്യത്യസ്ത വില്ല ഡിസൈനുകളും ലേഔട്ടുകളും ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.