യുഎഇയിൽ പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതായി അധികൃതർ. വിസയ്ക്ക് അപേക്ഷിക്കുന്നവർ രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പരിധിയിലായിരിക്കണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും അറിയിച്ചു.
ഗോൾഡൻ വിസക്കാർ കുടുംബാംഗങ്ങൾക്ക് വിസ എടുത്താൽ ഇൻഷുറൻസ് എടുക്കണം. വിസ കാലാവധി അവസാനിക്കുന്നത് വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. 5 വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവർമാർക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കായി നൽകുന്ന സന്ദർശക വിസ എന്നിവയെല്ലാം ലഭിക്കാൻ അപേക്ഷകർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിരിക്കണം.
ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതോടെ ഇൻഷുറൻസ് കമ്പനികൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു. വിസ കാലാവധിക്കനുസരിച്ചുള്ള പാക്കേജുകളും അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം പ്രയോജനപ്പെടുന്നതുമായ പാക്കേജുമെല്ലാം ഇതിൽപ്പെടും.