ഇന്ത്യ- കാനഡ നയതന്ത്ര തർക്കം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയം കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രത നിർദേശം നൽകി.
ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കനേഡിയൻ സർക്കാർ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർക്ക് സമാനമായ ഒരു ഉപദേശം നൽകിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയും അവിടെയുള്ള പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധപ്രവർത്തനങ്ങൾ കണക്കിലെടുത്ത് അവിടെയ്ക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും അവിടെയുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കാനഡയിലെ ഇന്ത്യൻ പൗരൻമാരും വിദ്യാർത്ഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോൺസുലേറ്റിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ കാര്യങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാർഗനിർദേശത്തിലുള്ളത്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.