മസാജ് സേവനങ്ങളുടെ മറവില്‍ ആളുകളെ കബളിപ്പിച്ച് കത്തിമുനയില്‍ കവര്‍ച്ച നടത്തുന്ന സംഘം ഷാര്‍ജ പൊലീസിന്‍റെ പിടിയില്‍. അഞ്ച് ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
വിവധതരം മസാജുകൾ, സ്പാ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് സംഘം ആളുകളെ ആകര്‍ഷിച്ചിരുന്നത്. മസാജിനായി സമീപിക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുകയും കത്തിമുനയില്‍ കവര്‍ച്ച നടത്തുകയുമായിരുന്നു പതിവ്. സംഘത്തിലെ ഒരാൾ റോള ഭാഗത്ത് ബിസിനസ് കാര്‍ഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഷാര്‍ജ പോലീസിലെ രഹസ്യാന്വേണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഇയാളുടെ വീട് കണ്ടെത്തി പൊലീസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങൾ ലഭ്യമായി. വാഹനങ്ങളില്‍ പതിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച കാര്‍ഡുകളും ആയുധങ്ങളും മസാജ് സാമഗ്രികളും പൊലീസ് കണ്ടെടുത്തു. കൂട്ടു പ്രതികളെക്കുറിച്ചും തട്ടിപ്പ് രീതികളെക്കുറിച്ചും മനസിലാക്കിയ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
നിരവധി മസാജ് കേന്ദ്രങ്ങളില്‍ സമാനസംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. അനിധികൃത മസാജ് സെന്‍ററുകൾക്കെതിരേ നടപടികൾ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പുകൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങൾ റാക്കറ്റുകളുടെ കെണിയില്‍ അകപ്പെടാതെ സൂക്ഷിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.