ലോകത്തിനൊപ്പം ക്രിസ്തമസ് ആഘോഷിച്ച് ഗൾഫ് മേഖലയും. യുഎഇയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്ക്. കോവിഡ് നിയന്ത്രങ്ങൾ ലഘൂകരിച്ച ശേഷം യുഎഇയിലെ ദേവാലയങ്ങളില്‍ ഭൂരിപക്ഷം ഇടവകാംഗങ്ങളും ഒരുമിച്ച് കൂടുന്നത് ഇതാദ്യം. പാതിരാ കുര്‍ബാനകളിലും ആളുകൾ സജീവമായി പങ്കെടുത്തു.
പ്രമുഖ ദേവാലയങ്ങില്‍ വിവധ ഭാഷകളിലായാണ് പ്രാര്‍ത്ഥനകൾ നടത്തിയത്. യുഎഇയിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ പള്ളികളിലൊന്നായ അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ 50,000-ത്തിലധികം ആളുകളാണെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി യഥാക്രമം ക്രിസ്മസ് ഈവ്, ക്രിസ്മസ് ദിന ശുശ്രൂഷകൾ നടന്നു. വിവിധ ഭാഷകളിലായി 25 ഓളം കുർബാനകളാണ് ക്രമീകരിച്ചിരുന്നത്.
ദുബായ് സെന്റ് മേരീസ് കാത്തലിക് പള്ളിയിൽ നടന്ന ക്രിസ്മസ് ദിന കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാസ്ക് ധരിക്കുന്നതിന് ഇളവുകൾ ഉണ്ടായിരുന്നെങ്കിലും നിരവധി ആളുകൾ മാസ്ക് ധരിച്ചാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തത്. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്മസ് ശൂശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസാണ് മുഖ്യ കാർമികത്വം വഹിച്ചത്.
വിവധ എമിറേറ്റുകളിലെ ദേവാലയങ്ങളിലും സമാനമായ ജനപങ്കാളിത്തം ഉണ്ടായി.
കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരിക്കൽ കൂടി ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇടവകാംഗങ്ങൾ പങ്കുവച്ചു.