പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കമായി. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളിൽ ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ബിൻ നാസർ അൽആസിം കാബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇതിലൂടെ പാർക്കിലെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാൻ സാധിക്കും.
അതേസമയം ഈ വർഷം തുടക്കത്തിൽ അൽഅഹ്സ നഗരത്തിൽ അതോറിറ്റി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായാണ് റിയാദിൽ ഓഡിയോ കാബിൻ ആരംഭിച്ചിരിക്കുന്നത്. റിയാദ് കൂടാതെ ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരവധി കാബിനുകൾ സ്ഥാപിക്കുമെന്നും അതോറിറ്റിഅറിയിച്ചു. ഓഡിയോ കാബിൻ ഒരു വിജ്ഞാന സ്രോതസ്സായി അവതരിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി നൂതനമായ രീതിയിൽ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഓഡിയോ ഉള്ളടക്കം കേൾക്കാൻ ഉപയോക്താക്കളെ കാബിൻ അനുവദിക്കും. പുസ്തകങ്ങളുടെ വിഷയം, വലുപ്പം, ഏറ്റവുമധികം ശ്രവിച്ചത്, മറ്റുള്ളവ എന്നീ കാര്യങ്ങൾ അനുസരിച്ച് പുസ്തകങ്ങൾ ബ്രൗസ് ചെയ്ത് കേൾക്കാൻ സാധിക്കും. ശേഷം ആവശ്യമുള്ള ഓഡിയോ ഫയൽ തിരഞ്ഞെടുത്ത് കേൾക്കാം. മാത്രമല്ല, ഉപകരണം വഴി ഒരു ചെറിയ ക്ലിപ് നേരിട്ട് കേൾക്കാനും ക്യു.ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ ഫോൺ വഴി മുഴുവൻ ഓഡിയോ ഫയൽ കേൾക്കാനും സാധിക്കും.