ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ നിരത്തുകളെ കീഴടക്കാൻ മാരുതി സുസുക്കിയുടെ ജിംനി എത്തി. ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായി മാറാനൊരുങ്ങിയാണ് ജിംനിയുടെ വരവ്. രണ്ട് വേരിയൻ്റുകളിൽ എത്തിയിട്ടുള്ള വാഹനത്തിന് 12.74 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.
അടിസ്ഥാന മോഡലായ സെറ്റ മാനുവലിന് 12.74 ലക്ഷവും സെറ്റ ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. രണ്ടാമത്തെ മോഡലായ ആൽഫ എംടിക്ക് 13.69 ലക്ഷവും ആൽഫ എടിയ്ക്ക് 14.89 ലക്ഷവുമാണ് വില. ഇത് കൂടാതെ ആൽഫയുടെ ഡ്യുവൽ ടോൺ വേരിയൻ്റുകളുടെ (Alpha MT -13.85 , Alpha AT -15.05) വിലയും പുറത്തുവിട്ടു.
ജിംനിയുടെ അഞ്ച് ഡോർ മോഡൽ വാഹനം ആദ്യമായി എത്തുന്നത് ഇന്ത്യയിലാണ്. ത്രീ ഡോർ മോഡലുമായി വലിയ മാറ്റങ്ങൾ പ്രകടമല്ല. എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, ക്രോമിയത്തിൽ പൊതിഞ്ഞ ഗ്രിൽ, ഹെഡ് ലാമ്പ് എന്നിവ വാഹനത്തിനെ മുന്നിൽനിന്ന് ആകർഷണീയമാക്കും. ഓഫ് റോഡ് വാഹനമായതിനാൽ റൊഡ് നിരപ്പിൽനിന്ന് പൊക്കമുള്ള വാഹനമാണ് ജിംനി.
ഡീലർഷിപ്പുകൾ അനുസരിച്ച് ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേൾ ആർട്ടിക് വൈറ്റ് എന്നീ നിറങ്ങളിലും ലഭ്യമാണ്.ഓട്ടോ എൽഇഡി ഹെഡ് ലാമ്പുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയും പ്രത്യേകതയാണ്. നാല് പേർക്ക് സഞ്ചരിക്കാം. മാരുതി ജിപ്സിയേക്കാൾ കരുത്തെന്നാണ് ആദ്യ പ്രതികരണങ്ങൾ.
ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിൻ്റെ ബുക്കിങ്ങ് മുപ്പതിനായിരം കടന്നിരുന്നു. ഒരു മാസം 7000 യൂണിറ്റ് ജിംനികൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് നീക്കം. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമ്മിക്കുകയാണ് കമ്പനിയുടെ മറ്റൊരു ലക്ഷ്യം.