ഇരട്ട ഒളിമ്പിക് മെഡൽ നേട്ടത്തോടെ ചരിത്രത്തിൽ ഇടംനേടി മനു ഭാകർ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മനു സ്വന്തമാക്കിയത്. ഇന്ന് നടന്ന 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സരബ്‌ജോത് സിങ്ങിനൊപ്പവും വെങ്കലം നേടിയതോടെയാണ് മനു ചരിത്രത്തിന്റെ ഭാഗമായത്.
സ്വാതന്ത്ര്യത്തിന് മുമ്പ് (1900-ലെ ഒളിംപിക്സിൽ) ബ്രിട്ടീഷ് ഇന്ത്യൻ അത്ലീറ്റായിരുന്ന നോർമൻ പ്രിച്ചാർഡാണ് ആദ്യമായി ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയത്. അന്ന് 200 മീറ്റർ സ്‌പിൻ്റിലും 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡിന്റെ മെഡൽ നേട്ടം. ഇപ്പോൾ പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി പുതു ചരിത്രമാണ് മനു സൃഷ്ടിച്ചത്.
ഇതിനു പുറമേ, എയർ പിസ്‌റ്റളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ്ങിൽ രണ്ട് ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ് ടീമിനത്തിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം തുടങ്ങിയ റെക്കോർഡുകളും മനു ഭാകറിന് സ്വന്തമാണ്. കഴിഞ്ഞ ഞായറാഴ്‌ച നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു വെങ്കലം നേടിയത്.