മുന്നിൽ നിന്ന് നോക്കിയാൽ ചേതക് സ്കൂട്ടറാണെന്ന് തോന്നും. വശങ്ങളിലേയ്ക്ക് മാറി നിന്ന് നോക്കിയാൽ തോന്നും സൈക്കിളാണെന്ന്. യഥാർത്ഥത്തിൽ ഇവൻ എന്താണെന്ന സംശയത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വാഹനമാണ് ഈ മഞ്ഞ നിറത്തിലുള്ള സ്കൂട്ടർ കം സൈക്കിൾ.
കൊച്ചി ചന്തിരൂർ ശാസ്താങ്കൽ വെളി വീട്ടിലെ മനോജിന്റെ കരവിരുതിൽ വിരിഞ്ഞ സൃഷ്ടിയാണ് ഈ സൈക്കിൾ സ്കൂട്ടർ. മനോജ് സ്വന്തമായി വികസിപ്പിച്ചെടുത്ത വാഹനമാണിത്. യുട്യൂബിലെ വീഡിയോ കണ്ട് കൗതുകം തോന്നിയ മനോജ് ഒരു സ്കൂട്ടർ സൈക്കിൾ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു. അതിനായി പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് സ്‌കൂട്ടറിന്റെ ഫ്രെയിമുകൾ വിലയ്ക്ക് വാങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നീട് തൻ്റെ പണിശാലയിൽ വെച്ച് സൈക്കിളിന്റെ ഭാഗങ്ങളുമായി ഇവയെ യോജിപ്പിച്ചു. പണി കഴിഞ്ഞ് പുറത്തിറക്കിയപ്പോൾ ആരെയും ആകർഷിക്കുന്ന ലുക്കും. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
മനോജുണ്ടാക്കുന്ന മൂന്നാമത്തെ സ്കൂട്ടർ സൈക്കിളാണിത്. ആദ്യമുണ്ടാക്കിയവ കണ്ട് ഇഷ്ടപ്പെട്ടവർ വാഹനം വിലയ്ക്ക് വാങ്ങുകയും ചെയ്തു. ഇതിനും ആവശ്യക്കാരെത്തിയാൽ വിൽക്കാൻ തയ്യാറാണ് ഇദ്ദേഹം. ഇനി അടുത്തതായി തന്റെ സുഹൃത്തിനായി ഒരു ഇലക്ട്രിക് മുച്ചക്ര സ്‌കൂട്ടർ സൈക്കിൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് മനോജ്. ഇതിനാവശ്യമുള്ള സാധനങ്ങൾ ഓൺലൈനായും അല്ലാതെയും ശേഖരിച്ചുവരികയാണ് ഇദ്ദേഹമിപ്പോൾ. മനോജിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ഭാര്യ മിനിയും മക്കളായ അക്ഷയ് കൃഷ്‌ണയും അക്ഷരയും എപ്പോഴും കൂടെത്തന്നെയുണ്ട്.