മണിപ്പൂരിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് സൈന്യം. ഇംഫാലിലും ചുരാചന്ദ്‌പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. മുഴുവൻ സേനയുടേയും സംയുക്ത പ്രവർത്തനങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തലാക്കി. കൂടാതെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ മണിപ്പൂരിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകില്ല. മണിപ്പൂർ സർക്കാരിന്റെ നിർദേശപ്രകാരമാണ് ട്രെയിൻ സർവീസ് നിർത്തിവെച്ചതെന്ന് എൻഎഫ് റെയിൽവേയുടെ സിപിആർഒ സബ്യസാചി ഡെ പറഞ്ഞു. നാല് ട്രെയിനുകളാണ് റദ്ദാക്കിയത്.
വ്യാജ വീഡിയോകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. അസം റൈഫിൾസിന്റെ പോസ്റ്റിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ഉൾപ്പെടെ മണിപ്പൂരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യാജ വീഡിയോകൾ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വിദ്വേഷകർ പ്രചരിപ്പിക്കുന്നുണ്ടെന്നും സൈന്യം ട്വീറ്റ് ചെയ്തു. ക്രമസമാധാനപാലനത്തിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യാഴാഴ്ച പറഞ്ഞു.