31 വർഷത്തിന് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ. 1993ൽ ഫാസിൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് 4K മികവിൽ വീണ്ടും തിയേറ്ററിലെത്തിയത്. മോഹൻലാൽ, സുരേഷ്ഗോപി , ശോഭന എന്നിവർക്കൊപ്പം മലയാളത്തിലെ അഭിനയ കുലപതികൾ തകർത്താടിയ ചിത്രം എക്കാലത്തേയും വലിയ ക്ളാസിക് ചിത്രങ്ങളുടെ പട്ടികയിലാണുളളത്.
നാഗവല്ലിയായി രംഗത്തെത്തിയ ശോഭന തന്നെയാണ് മണിചിത്രത്താഴിൻ്റെ ഹൈലറ്റ്. പഴയൊരു തറവാടും തെക്കിനിയും ചിത്രത്തിന് ദുരൂഹതകളുടെ പശ്ചാത്തലമൊരുക്കുന്നു. അന്തേവാസികളായ അല്ലിമുതൽ നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെൻ്റ് , സുധീഷ്, ഗണേഷ് കുമാർ, ശ്രീദേവിയായി എത്തിയ വിനയ പ്രസാദ് തുടങ്ങി എല്ലാവരുടേയും പ്രകടനം ശ്രദ്ധേയമാണ്. തമാശയുമായി എത്തിയ പപ്പുവിൻ്റെ കാട്ടുപറമ്പനും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടായി തിലകനും സമാനതകളില്ലാത്ത അഭിനയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇന്നും മനസ്സുകളെ പ്രകമ്പനം കൊളളിക്കുന്നതാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും പാട്ടുകളും. പഴംതമിഴ് പാട്ടിഴയും മുതൽ ഒരുമുറൈ വന്തുപാർത്തായാം വരെ മലയാളികളെ ദിവസേനയെന്നോണം കോരിത്തരിപ്പിക്കുന്നുണ്ട്. പഴംകഥകളുടെ ലോകത്തെ കഥാപാത്രങ്ങളായ നാഗവല്ലിയും ഡോ.സണ്ണിയും മഹാദേവനുമൊക്കെ ആരാധകരെ വിട്ടൊഴിയുന്നുമില്ല.
സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന് കഥയെഴുതിയത് മധു മുട്ടമാണ്. സംവിധായകനായ ഫാസിലിന് സഹായമായി മലയാളത്തിലെ പ്രശസ്തരായ അഞ്ച് സംവിധായകരുമുണ്ടായിരുന്നു. കണ്ട് കണ്ട് മതിമറന്ന ചിത്രമാണെങ്കിലും പുതിയ കാലത്ത് പുതിയ തലമുറയ്ക്കുമുന്നിൽ 4K മണിച്ചിത്രത്താഴ് വീണ്ടും തിയേറ്റർ തരംഗമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.