വീണ്ടും ഉയരങ്ങൾ കീഴടക്കി കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഒരു കൂട്ടം റെക്കോർഡുകളെ കാറ്റിൽ പറത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 2023-24 സീസണിലെ കിരീടവും സിറ്റി നിഷ്പ്രയാസം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് യുഗത്തിൽ തുടർച്ചയായി നാല് സീസണുകളിൽ ജേതാക്കളാകുന്ന ആദ്യ ടീം എന്ന നേട്ടവും സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സിറ്റി താരങ്ങൾക്കും പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കും പുറമെ ഈ വിജയത്തിന്റെ പിന്നിലെ നട്ടെല്ലായി നിൽക്കുന്നത് ഒരു ഭരണാധികാരിയാണ്.
അത് മറ്റാരുമല്ല, യുഎഇയുടെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാനാണ്. കായിക ലോകത്തേയ്ക്കുള്ള ഷെയ്ഖ് മൻസൂറിന്റെ ദീർഘവീക്ഷണമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. 2008-ലാണ് തായ്ലന്റിന്റെ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയിൽ നിന്നും ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് മാഞ്ചസ്റ്റർ സിറ്റിയെ വാങ്ങിയത്.
144 വർഷം പഴക്കമുള്ള ക്ലബ്ബിനെ 200 മില്യണിലധികം യൂറോകൾക്കാണ് ഷെയ്ഖ് മൻസൂർ അന്ന് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനുശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് നല്ല കാലമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയപ്പെടാൻ ഒന്നുമില്ല. കാരണം വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഷെയ്ഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയെ മുന്നോട്ട് നയിച്ചത്. അതിനുശേഷം നാല് വർഷം തുടർച്ചയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുൾപ്പെടെ നിരവധി ട്രോഫികൾ സിറ്റി നേടിയെടുത്തു. മാത്രമല്ല, പല റെക്കോർഡുകളും നിഷ്പ്രയാസം തിരുത്തിയെഴുതാനും ക്ലബ്ബിന് സാധിച്ചു. അതുകൊണ്ടുതന്നെ ഇന്ന് ക്ലബ്ബിന്റെ വില നാം ചിന്തിക്കുന്നതിനും അപ്പുറമാണ്.
4.99 ബില്യൺ ഡോളറോടുകൂടി ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ക്ലബ്ബ് ആയി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. വരും വർഷങ്ങളിലും പല റെക്കോർഡുകളും തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യവുമായാണ് ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാനും മാഞ്ചസ്റ്റർ സിറ്റിയും മുന്നോട്ട് കുതിക്കുന്നത്.