ദുബായ് നഗരത്തെ ആകാംക്ഷയിൽ നിർത്തി അന്തരീക്ഷത്തിൽകൂടി പറന്ന് മനുഷ്യൻ. ഇംഗ്ലണ്ടിലെ ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും ഡിസൈനറുമായ സാം റോജറാണ് യന്ത്രച്ചിറകുകളുമായി ദുബായ് നഗരത്തിലൂടെ പറന്നത്. കാണികളെ ആവേശത്തിലാഴ്ത്തി സാം റോജർ പലതവണ ദുബായ് വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് ഉയർന്നും താഴ്ന്നും പറന്നു.
ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സാം ദുബായിലെത്തിയത്. പിന്നീട് സമ്മേളനം നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ ജനസാഗരം നോക്കിനിൽക്കെ സാം റോജർ പറന്നുപൊങ്ങുകയായിരുന്നു. ഗ്രാവിറ്റി ഇൻഡസ്ട്രീസിൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ടും റോക്കറ്റ് എൻജിനും മൈകോ ടർബൈനുമൊക്കെ ഉപയോഗിച്ചാണ് ഇദ്ദേഹം പറന്നത്.