കോഴിക്കോടൻ ഭാഷയും മലയാളിക്കിണങ്ങിയ തമാശയും മാമൂക്കോയയെ വ്യത്യസ്തമാക്കി. കോഴിക്കോട്ടെ തീരദേശഗ്രാമമായ പള്ളിക്കണ്ടിയാണ് ജനനം. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് തുടക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി എന്നാണ് മാമുക്കോയ അറിയപ്പെട്ടിരുന്നതു തന്നെ. ബഷീറിൽ നിന്നുമാണ് മാമുക്കോയ തന്റെ നർമ്മ ബോധത്തെ രൂപപ്പെടുത്തിയത്.
1982ൽ വൈക്കം മുഹമ്മദ് ബഷീറിൻറെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം ചെയ്തു. ആ സിനിമ വേണ്ടത്ര ശ്രദ്ധനേടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിൻറെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമ. കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് മലയാളി ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല.
നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാൾ അങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. ഹാസ്യം അശ്ലീലത്തിലേക്കോ കോമാളിത്തരത്തിലേക്കോ വഴുതി വീഴാതെ സൂക്ഷിക്കുന്നതിൽ അസാമാന്യമായ കഴിവ് മാമുക്കോയ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിന് കാരണം ഹാസ്യത്തേക്കുറിച്ചുള്ള അദ്ധേഹത്തിൻറെ കാഴ്ചപ്പാട് തന്നെയായിരുന്നു.
പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. കുതിരവട്ടം പപ്പുവും വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു മാമുക്കോയക്ക് വഴികാട്ടിയ രണ്ട് പേർ.
250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യനായിരുന്നു മാമുക്കോയ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. സിനിമ തന്റെ തൊഴിൽ മാത്രമാണ് എന്ന് മാമുക്കോയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.